തിരുവനന്തപുരം: വിദ്യാർഥികളെ സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ജൂൺ ഒന്നിന് സ്കൂൾ പ്രവേശന വേളയിൽ സംസ്ഥാനത്താകമാനം വിദ്യാർഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും.
സൈബർ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുന്നതിനുള്ള കേരള പോലീസ് സൈബർ വിഭാഗത്തിന്റെ പദ്ധതിയായ കിഡ് ഗ്ലോവ് പ്രോജക്ട് സംസ്ഥാനത്താകമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സുരക്ഷിതവും ഉത്തരവാദിത്വപരവുമായ ഉപയോഗം, സൈബർ ഭീഷണികളിൽനിന്നുള്ള സംരക്ഷണം, ഓൺലൈൻ ഗെയിമിംഗ് അപകടസാധ്യതകൾ, വ്യാജവാർത്താ അവബോധം, സ്വകാര്യതാ സംരക്ഷണം, ഡിജിറ്റൽ ആസക്തി, സൈബർ ശുചിത്വം, സോഷ്യൽ മീഡിയ സുരക്ഷ, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പെരുമാറ്റം തുടങ്ങിയ മേഖലകൾ കിഡ് ഗ്ലോവിന്റെ പരിധിയിൽ വരും.
പദ്ധതിയുടെ ഭാഗമായി പോലീസ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ അധ്യാപകർക്കും രക്ഷിതാക്കൾക്കും സൈബർ സുരക്ഷ സംബന്ധിച്ച് പ്രാഥമിക പരിശീലനം നൽകുകയും ക്വിസ് മുതലായ വിനോദ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. ഈ പദ്ധതിയുടെ ശരിയായ തുടർ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.